കൊവിഡ് വാക്‌സിനേഷൻ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങ്. വാക്‌സിൻ രജിസ്‌ട്രേഷനായി തയ്യാറാക്കിയ കൊ-വിൻ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും.
ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിക്കുന്നത്. രണ്ട് കമ്പനികളുടെ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. ഇതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ കൊവിഷീൽഡ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട്
ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്‌സിൻ നൽകുക. ഇതിൽ ഒരു കോടി വരുന്ന ആരോഗ്യപ്രവർത്തകർക്ക് ആദ്യം വാക്‌സിൻ നൽകും. തുടർന്ന് രണ്ട് കോടി വരുന്ന കൊവിഡ് മുന്നണി പോരാളികൾക്കും ഇതിന് ശേഷം 50 വയസ്സിൽ മുകളിൽ പ്രായമുള്ളവർക്കും 50 വയസ്സിൽ താഴെ പ്രായമുള്ള രോഗികളായവർക്കും വാക്‌സിൻ നൽകും.