കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയിൽ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൊള്ളയടിക്കുന്ന സംഘം പിടിയിൽ. രണ്ട് വാഹനങ്ങളിലായി മാരകായുധങ്ങളുമായി ചുരത്തിൽ ഒളിച്ചിരുന്ന സംഘത്തെ കർണാടക പോലീസ് പിടികൂടി
മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെയാണ് വിരാജ്‌പേട്ട റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാരകായുധങ്ങളുമായി സംഘം പതിയിരുന്നത്. രാത്രി പെട്രോളിംഗ് നടത്തുന്ന പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് പിടികൂടി.
ഇരുമ്പ് വടികൾ, മുളകുപൊടി, എട്ട് കിലോ മെർക്കുറി, കത്തി, വടിവാൾ എന്നിവ ഇവരുടെ വാഹനത്തിൽ നിന്ന് കണ്ടെത്തി. വടകര ചോമ്പാല സ്വദേശി 22കാരനായ വൈഷ്ണവ്, കണ്ണൂർ ചക്കരക്കൽ സ്വദേശി 20കാരനായ അഭിനവ് എന്നിവരും കർണാടക സ്വദേശികളായ ഏഴ് പേരുമാണ് സംഘത്തിലുള്ളത്
ആറ് മാസമായി അടച്ചിട്ടിരുന്ന മാക്കൂട്ടം ചുരം പാത രണ്ടാഴ്ചകൾക്ക് മുമ്പാണ് തുറന്നു കൊടുത്തത്. കൊടുംകാട് നിറഞ്ഞ 20 കിലോമീറ്റർ വനപാത വൈദ്യൂതീകരിച്ചിട്ടില്ല. മൊബൈലിന് റേഞ്ചും ലഭിക്കില്ല. പിടികൂടിയ സംഘത്തിലെ ഒരാൾക്ക് കൊവിഡും സ്ഥിരീകരിച്ചിട്ടുണ്ട്.