എയർ ഇന്ത്യയെ ടാറ്റയ്ക്ക് വിൽക്കാൻ കോടതി അനുവദിച്ചു; അഴിമതി ആരോപിച്ച ബിജെപി നേതാവിന്റെ ഹർജി തള്ളി

 

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരായ ബിജെപി നേതാവിന്റെ ഹർജി തള്ളി. സുബ്രഹ്മണ്യം സ്വാമി വിൽപ്പനയ്ക്ക് എതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ്  ബെഞ്ച് തള്ളിയത്. എയർ ഇന്ത്യ ഓഹരി വില്പന നിയമവിരുദ്ധവും അഴിമതിയും ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധവുമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വാദം.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പാട്ടീൽ, ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജനുവരി നാലിന് കേസിൽ വാദം കേട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ വിധി. വിശദമായ കോടതി ഉത്തരവ് വൈകാതെ പുറത്ത് വരും. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തത്.