24 മണിക്കൂറിനിടെ 7.81 ലക്ഷം കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 8.76 കോടി കടന്നു, അമേരിക്കയിലും ബ്രിട്ടനിലും തീവ്രവ്യാപനം

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധ ശമനമില്ലാതെ തുടരുന്നു. ഓരോ ദിവസം കഴിയുന്തോറും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7.81 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് കണ്ടെത്തിയത്. 14,518 പേര്‍ക്ക് ജീവനും നഷ്ടമായി. വിവിധ രാജ്യങ്ങളിലായി ഇതുവരെ 8,76,40,402 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. 18,91,692 മരണവും റിപോര്‍ട്ട് ചെയ്തു. 6,31,31,926 പേരുടെ രോഗം ഭേദമായി. 2,26,16,784 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 1,08,003 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, യുകെ, ഫ്രാന്‍സ്, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനമേറുന്നത്. ഇതില്‍ അമേരിക്കയിലും ബ്രിട്ടനിലും തീവ്രരോഗവ്യാപനമാണ്. പുതുതായി കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബ്രിട്ടനില്‍ അതിലേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ ഒരുദിവസം ബ്രിട്ടനില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനവുണ്ടാവുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,322 പേര്‍ക്കാണ് ബ്രിട്ടനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 1,041 മരണവും രേഖപ്പെടുത്തി.