ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് ഫ്രാൻസിൽനിന്ന് ഇന്ത്യയിലെത്തി. വ്യോമസേനയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഫ്രാൻസിൽനിന്ന് തുടർച്ചയായി പറന്ന്, ബുധനാഴ്ച രാത്രി 8.14നാണ് റഫാൽ ഇന്ത്യയിലെത്തിയത് എന്ന് വ്യോമസേന അറിയിച്ചു.
രണ്ടാം ബാച്ചിൽ മൂന്ന് യുദ്ധവിമാനങ്ങളാണ് ഉള്ളത്. ഫ്രാൻസിലെ ഇസ്ട്രസ് എയർബേസിൽനിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. 2023-ഓടെ മുഴുവൻ യുദ്ധവിമാനങ്ങളും എത്തിക്കുമെന്ന് നേരത്തെ വ്യോമസേന മേധാവി ആർ.കെ.എസ്. ബദൗരിയ അറിയിച്ചിരുന്നു.
റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് ജൂലൈ 29ന് ഇന്ത്യയിൽ എത്തിയിരുന്നു. അംബാല എയർബേസിലായിരുന്നു ഇവ എത്തിയത്. അഞ്ച് യുദ്ധവിമാനങ്ങളാണ് ആദ്യബാച്ചിൽ ഉണ്ടായിരുന്നത്.