ഇളവുകള്‍ വെട്ടിച്ചുരുക്കി മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി സംസ്ഥാനങ്ങള്‍

മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി സംസ്ഥാനങ്ങൾ. നിയന്ത്രണങ്ങൾ കടുപ്പിച്ചു മൂന്നാം തരംഗം വൈകിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് വിവിധ സംസ്ഥാനങ്ങൾ. മൂന്നാം തരംഗ ഭീഷണി മുന്നിൽ കണ്ടാണ് പല സംസ്ഥാനങ്ങളും ഇളവുകൾ വെട്ടിച്ചുരുക്കുന്നത്. രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ഡൌണും ഏർപ്പെടുത്തി മൂന്നാം തരംഗം പരമാവധി വൈകിപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ ശ്രമം.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ 12 ശതമാനത്തിന്‍റെ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. മൂന്നാം തരംഗ സാധ്യത മുന്നിൽ കണ്ട് സംസ്ഥാനങ്ങളും ഒരുക്കങ്ങൾ ആരംഭിച്ചു. തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ സെപ്തംബർ 15 വരെ നീട്ടി. ഞായറാഴ്ചകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾക്ക് പ്രവേശനമില്ല. കർണാടകയിൽ കേരളത്തിൽ നിന്നു വരുന്നവർക്ക് ഏഴ് ദിവസമാണ് ക്വാറന്‍റൈൻ. കോവിഡ് കേസുകൾ കൂടി വരുന്ന മഹാരാഷ്ട്രയിലും കർശന നിന്ത്രണമാണുള്ളത്. മുംബൈയിൽ വിമാനത്താവളങ്ങളില്‍ വിദേശത്തു നിന്നു വരുന്നവർക്ക് പ്രത്യേക പരിശോധന ആരംഭിച്ചു. അസ്സമിന്‍റെ അതിർത്തി പ്രദേശങ്ങളിൽ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ആർടിപിസിആർ പരിശോധനക്ക് വിധേയമാക്കും.

ഒഡീഷയിൽ രാത്രികാല കർഫ്യൂ പുനരാരംഭിച്ചു. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. നിന്ത്രണങ്ങൾ കര്‍ശനമാക്കുന്നതിന് പുറമേ വാക്സിനേഷനിലും സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ആശുപത്രികളിൽ പീഡിയാട്രിക് വാർഡ് ഉൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങളും ഒരുങ്ങുന്നുണ്ട്.