ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം നടപ്പാലത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ. ദില്ലി വിമാനത്താവളത്തിന് പുറത്ത് ദില്ലി – ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് വിമാനം കുടുങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി. പാലത്തിനടിയിൽ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നതും വീഡിയോയിൽ കാണാം.
വിമാനത്തിന്റെ മുൻഭാഗം മുതൽ പാതിയോളം ഭാഗം പാലം കടന്നുപോയിട്ടുള്ളതായാണ് ദൃശ്യത്തിൽ വ്യക്തമാകുന്നത്. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയർന്നപ്പോഴാണ് എയർ ഇന്ത്യയുടെ വിശദീകരണവുമായി രംഗത്തെത്തിയത്. എയർ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ് ഇതിന്റെ ഉടമ കൊണ്ടു പോകുന്നതിനിടെ നടപ്പാലത്തിനടിയിൽ കുടുങ്ങിയത്.
എന്നാൽ എങ്ങിനെയാണ് ഇത് പാലത്തിനടിയിൽ കുടുങ്ങിയതെന്ന് എയർ ഇന്ത്യ വക്താവ് വിശദീകരിച്ചിട്ടില്ല. അത് തങ്ങൾക്ക് അറിയില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. 2019 ൽ ഇതുപോലെയൊരു സംഭവം നടന്നിരുന്നു. പശ്ചിമബംഗാളിലെ ദുർഗാപൂരിലാണ് അന്ന് ഉപേക്ഷിക്കപ്പെട്ട ഇന്ത്യ പോസ്റ്റ് എയർക്രാഫ്റ്റുമായി പോയ ട്രക്ക് കുടുങ്ങിയത്. ഡ്രൈവർക്ക് പാലത്തിന്റെ ഉയരം കൃത്യമായി മനസിലാക്കാൻ കഴിയാതെ പോയതാണ് അപകടത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.