ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 5000 പേജുള്ള ചാർജ് ഷീറ്റാണ് സമർപ്പിച്ചത്.
കേസിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ആശിഷ് മിശ്രയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആയുധം ഉപയോഗിച്ചുള്ള വധശ്രമത്തിന്റെ പേരിലുള്ള വകുപ്പുകളും കുറ്റപത്രത്തിൽ ചുമത്തിയിട്ടുണ്ട്. പ്രതിപട്ടികയിൽ അജയ് കുമാർ മിശ്രയുടെ ബന്ധുവായ വീരേന്ദ്ര ശുക്ളയും ഉൾപ്പെട്ടിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഇതോടെ പ്രതികളുടെ എണ്ണം പതിനാല് ആയി ഉയർന്നു. കേന്ദ്രമന്ത്രി അഖിലേഷ് ദാസിന്റെ ബന്ധുവായ അങ്കിത് ദാസും കേസിൽ പ്രതിയാണ്.