കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് ഡോസ് നിർബന്ധം

 

വാക്സിനുകൾ കൂട്ടിക്കലർത്തി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ ലഭ്യമാകാതെ ഇന്ത്യയിൽ വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് സർക്കാർ അറിയിച്ചു.

വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തെ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ യാതൊരു മാറ്റവുമില്ലെന്നും കോവിഷീൽഡും കോവാക്സിനും രണ്ട് ഡോസ് നിർബന്ധമായും എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഷീൽഡ് എടുക്കുന്നവർക്ക് രണ്ടാം ഡോസ് ഒഴിവാക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുവെന്ന് ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

കൂടാതെ രണ്ടു ഡോസുകൾ വ്യത്യസ്ത വാക്സിനുകൾ ഇടകലർത്തി നൽകുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമോ എന്ന് നിർണ്ണയിക്കാൻ ഇന്ത്യ പരീക്ഷണം നടത്തിയേക്കുമെന്നും സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി അധ്യക്ഷൻ അടുത്തിടെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഊഹപോഹങ്ങൾക്കിടെ ഡോ.എൻ.കെ.അറോറയാണ് ഇങ്ങനെ പറഞ്ഞത്. ഇത് കൂടുതൽ ആശയകുഴപ്പത്തിനിടയാക്കി.