പതഞ്ജലി മരുന്നിലൂടെ കൊറോണ ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെന്ന് കമ്പനി

യോഗാ ആചാര്യന്‍ ബാബാ രാംദേവിന്‍റെ കീഴിലുള്ള പതഞ്ജലിയുടെ മരുന്ന് കൊറോണ രോഗം ഭേദമാക്കുമെന്ന അവകാശവാദത്തില്‍ നിന്നും കമ്പനി പിന്‍മാറി. ‘കൊറോണില്‍’, ‘സ്വാസാരി’ എന്നീ മരുന്നുകള്‍ കൊറോണ രോഗം ഭേദമാക്കുമെന്ന് കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരും ആയുഷ് മന്ത്രാലയവും രംഗത്തുവന്നതോടെയാണ് കമ്പനി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ മലക്കം മറിഞ്ഞത്.

ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കൊറോണ രോഗികളില്‍ രോഗം ഭേദമാക്കിയതായും ‘കൊറോണില്‍’ മരുന്ന് ഒരിക്കലും രോഗം ഭേദമാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ലെന്നും കമ്പനി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. 280ഓളം രോഗികളില്‍ തങ്ങളുടെ മരുന്ന് പരീക്ഷിച്ച് വിജയിച്ചെന്ന അവകാശവാദവുമായി കഴിഞ്ഞ ആഴ്ച്ചയാണ് ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത്.

മരുന്നുകളുടെ ഘടന, ഗവേഷണ ഫലങ്ങള്‍, ഗവേഷണം നടത്തിയ ആശുപത്രികള്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ എത്തിക്സ് കമ്മിറ്റിയില്‍ നിന്നുള്ള അനുമതി, ക്ലിനിക്കല്‍ ട്രയലിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു.

പ്രൈവറ്റായി ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി സഹകരിച്ചാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്തിയതെന്നാണ് രാംദേവ് പറഞ്ഞിരുന്നത്.