കൊച്ചി:ഛായാഗ്രാഹകൻ ജോമോൻ ടി ജോണും ചലച്ചിത്രതാരം ആൻ അഗസ്റ്റിനും വേർപിരിയുന്നു. ജോമോൻ ടി ജോൺ തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. ചലച്ചിത്ര താരമായ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിനുമായി 2014 ആയിരുന്നു ജോമോൻ ടി ജോണിന്റെ വിവാഹം.ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇപ്പോൾ തിരശീല വീഴുന്നത്. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല എന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ജോമോൻ ടി ജോണാണ് കോടതിയിൽ സമർപ്പിച്ചത്. ചേര്‍ത്തല കുടുംബ കോടതിയിലാണ് ജോമോൻ ടി ജോൺ ഹര്‍ജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ആന്‍ അഗസ്റ്റിനോട് കുടുംബ കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചു.
ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. 2014 ല്‍ ജോമോൻ ടി ജോണുമായി വിവാഹം കഴിഞ്ഞതിന് ശേഷം താരം ആകെ രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്.
ജോമോൻ ടി ജോണ്‍ ആദ്യമായി സ്വതന്ത്രനായി ക്യാമറ ചലിപ്പിച്ച ചിത്രം ചാപ്പാകുരിശ് ആണ്. ഫഹദ് ഫാസിൽ, വിനീത് ശ്രീനിവാസൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയതോടൊപ്പം തന്നെ ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണ മികവും അക്കാലത്ത് എടുത്തു പറയപ്പെട്ടു. ചാപ്പാ കുരിശിന് ശേഷം നിരവധി ചിത്രങ്ങൾക്ക് വേണ്ടി ജോമോൻ ടി ജോൺ ക്യാമറ പ്രവർത്തിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകൾക്കും ജോമോൻ ടി ജോൺ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിംഗ് ചിത്രത്തിലാണ് ജോമോൻ ടി ജോൺ ഇപ്പോൾ പ്രവർത്തിക്കുന്നത്.