സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലാണ് നടന്‍ ടൊവിനോ തോമസ്. മൂന്നു ദിവസം മുമ്പ് പിറവത്തെ ലൊക്കേഷനില്‍ വെച്ച് ചിത്രീകരിച്ച സംഘട്ടന രംഗത്തനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു താരം.
കള സിനിമയുടെ ചിത്രീകരണത്തിനിടെ വയറില്‍ കിട്ടിയ മര്‍ദ്ദനം കാര്യമായി എടുത്തിരുന്നില്ല എന്നാണ് മൂന്ന് വര്‍ഷം ടൊവിനൊയുടെ പേഴ്‌സണല്‍ ട്രെയിനറായിരുന്ന ഷൈജന്‍ അഗസ്റ്റിന്‍ പറയുന്നത്. അന്നേരം പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആന്തരിക അവയവത്തിന്റ ഒരു വശത്തു ബ്ലീഡിങ് കാണപ്പെട്ടതും എന്നാണ് ഷൈജന്‍ അഗസ്റ്റിന്‍ പറയുന്നത്.
നിലവിലുള്ള ബ്ലീഡിങ് വലിയ പ്രശ്‌നമുള്ളതല്ല എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം, അതിനാല്‍ കാര്യമായ പ്രശനങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും എത്രയും പെട്ടെന്ന് തിരിച്ചു വരുമെന്നും ട്രെയ്‌നര്‍ പറഞ്ഞു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്പാകരനും രോഹിതും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.