ഗവർണർ ചാൻസലർ പദവി ഒഴിയുന്നത് സർവകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ വി.സി നിയമനത്തിൽ തനിക്ക് പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാവുകയാണ് വേണ്ടത്. പകരം താൻ ചാൻസിലർ പദവിയിൽ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വി.സി നിയമനത്തെ ന്യായീകരിക്കാൻ മാത്രമേ സഹായിക്കു.
നിയമസഭ പാസാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാൻസിലർ പദവി ഗവർണർ പൊടുന്നനെ വേണ്ടെന്നു വെക്കുന്നത് സർവകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കും. വി.സി നിയമന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്നു ഗവർണർ നിരവധി തവണ പറഞ്ഞിട്ടും, കത്ത് എഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെടണം. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണു മന്ത്രി നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.