കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്നതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇന്ദിരാഗാന്ധി കോളജിലെ അവസാന വര്‍ഷ ഡെന്റല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ നാറാത്ത് രണ്ടാംമൈലിലെ മാധവന്റെ മകള്‍ മാനസ യാണ് കൊല്ലപ്പെട്ടത്.കണ്ണൂര്‍ തലശേരിസ്വദേശിയായ രാഖില്‍ ആണ് മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയത്.മാനസയ വെടിവെച്ചതിനു ശേഷം രാഖിലും സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു.
വെടിയേറ്റ രണ്ടു പേരെയും ഉടന്‍ തന്നെ വീട്ടുടമയും നാട്ടുകാരും കോതമംഗലത്തെ സ്വാകര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇരുവരുടെയും മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഉന്നത പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു വരികയാണ്. നാളെയായിരിക്കും ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികളും പോസ്റ്റു മോര്‍ട്ടവും നടക്കുകയെന്നാണ് പ്രാഥമിക വിവരം. മരിച്ച രണ്ടു പേരുടെയും കണ്ണൂരിലെ വീടുകളില്‍ പോലിസ് വിവരം അറിയിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.മാനസയും രാഖിലും തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.പിന്നീട് മാനസ രാഖിലില്‍ നിന്നും അകലുകയായിരുന്നു.ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്.പല പ്രാവശ്യം മാനസയെ തേടി രാഖില്‍ കോതമംഗലത്ത് എത്തിയിരുന്നു.തുടര്‍ന്ന് രാഖില്‍ മാനസ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന നെല്ലിക്കുഴിയിലെ വീട് കണ്ടെത്തുകയായിരുന്നു.
ഇന്ന് വീണ്ടും മാനസ താമസിക്കുന്ന സ്ഥലത്ത് രാഖില്‍ എത്തി.ഈ സമയം മാനസയ്‌ക്കൊപ്പം താമസിക്കുന്ന സഹപാഠികളും സ്ഥലത്തുണ്ടായിരുന്നു. തുടര്‍ന്ന് മാനസയും രാഖിലും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും കൈയ്യില്‍ സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് രാഖില്‍ മാനസയെ വെടിവയ്ക്കുകയായിരുന്നു.ഇതിനു ശേഷം രാഖിലും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ വീട്ടുടമയും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ കൊണ്ടു പോയത്.എന്നാല്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ ഇരുവരും മരിച്ചിരുന്നു.വെടിവെയ്ക്കാനുപയോഗിച്ച തോക്ക് പോലിസ് സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.സബീന ആണ് മരിച്ച മാനസയുടെ മാതാവ്. സഹോദരന്‍: അശ്വന്ത് .