കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷേ ലഭ്യമാകുന്ന മത്സ്യം അതാത് സോണിൽ വിറ്റു തീർക്കണം.
ട്രോളിംഗ് അവസാനിക്കുമ്പോൾ കൊവിഡ് കാലത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാർഗനിർദേശങ്ങളും മുഖ്യമന്ത്രി നൽകി. എല്ലാ ബോട്ടുകൾക്കും രജിസ്ട്രേഷൻ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മത്സ്യവിൽപ്പനക്കായി പുറത്ത് പോകാൻ പാടില്ല. അധികം വരുന്ന മത്സ്യം സഹകരണ സംഘങ്ങൾ മുഖേന മാർക്കറ്റിലെത്തിക്കും
മത്സ്യബന്ധനത്തിന് പുറപ്പെടുന്ന സ്ഥലത്ത് തന്നെ മത്സ്യത്തൊഴിലാളികൾ നിർബന്ധമായും തിരിച്ചെത്തണം. വേറെ കടവുകളിൽ പോകാൻ പാടില്ല. മത്സ്യലേലം ഒഴിവാക്കണം. ഹാർബറുകളിൽ ഹാർബർ മാനേജ് സൊസൈറ്റികളും ലാൻഡിംഗ് സെന്ററുകളിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ സമിതികൾ മത്സ്യത്തിന്റെ വില നിശ്ചയിക്കുകയും മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യും