കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം ഒരു മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി; മുഖ്യമന്ത്രി

 

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം ഒരു മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നത്. ഈ മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ഉറ്റവര്‍ മരണമടയുമ്പോള്‍ മൃതശരീരം അടുത്ത് കാണാന്‍ പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ്.

മൃതശരീരം നിശ്ചിത സമയം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ഒരുമണിക്കൂറില്‍ താഴെ ഇതിനായി അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മരണമടഞ്ഞ രോഗികളുടെ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിക്കാണും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കും.

കൊവിഡ് നിലനില്‍ക്കുന്നിടത്തോളം ഒരു പ്രദേശവും വൈറസ് മുക്തമാണെന്ന് കാണരുത്. എ, ബി വിഭാഗങ്ങളില്‍പെട്ട പ്രദേശങ്ങളില്‍ ഒരു നിയന്ത്രണവും വേണ്ട എന്ന ചിന്താഗതി പാടില്ല. നല്ല തോതില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു പോകണം. ഇതിനായി ബോധവല്‍ക്കരണവും ആവശ്യമെങ്കില്‍ മറ്റ് നിയമപരമായ നടപടിയും ആലോചിച്ചിട്ടുണ്ട്.