ഒമിക്രോൺ: രാജ്യാന്തര യാത്രക്കാർക്ക് 7 ദിവസം ക്വാറന്റീൻ; ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം

 

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനവും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രാജ്യാന്തര യാത്രക്കാർ ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ പാലിക്കണമെന്ന് വീണാ ജോർജ് വ്യക്തമാക്കി. യാത്രയ്ക്ക് മുൻപും ശേഷവും ക്വാറന്റീന് ശേഷവും ആർടിപിസിആർ പരിശോധന നടത്തണം.

കേന്ദ്ര സർക്കാർ മാർഗനിർദ്ദേശ പ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യ മന്ത്രി അറിയിച്ചു. 11 രാജ്യങ്ങളെ ഹൈ റിസ്‌ക് ക്യാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്റീൻ ഉണ്ടാകും. 7 ദിവസത്തിന് ശേഷം ആർടിപിസിആർ എടുക്കണം. നെഗറ്റീവ് ആയാലും 7 ദിവസം കൂടെ നിരീക്ഷണം തുടരണമെന്നും മന്ത്രി പറഞ്ഞു.

ഹോം ക്വാറന്റീന് ശേഷം എടുത്ത ടെസ്റ്റ് പോസീറ്റിവ് ആണെങ്കിൽ 7 ദിവസം കൂടി ക്വാറന്റീൻ തുടരണം. പോസിറ്റീവ് കേസ് ജനിതക ശ്രേണീകരണത്തിന് നൽകും. നെഗറ്റീവ് ആകുന്നവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് റാൻഡം പരിശോധനയുണ്ടാകും. ഇതിനായി നാല് വിമാന താവളങ്ങളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജീനോമിക് സർവെയലൻസ് സംസ്ഥാനത്ത് തുടരുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ജാഗ്രത തുടരണം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം നാളെ ചേരും. സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിനേഷൻ 96 % പിന്നിട്ടുവെന്നും രണ്ടാം ഡോസ് 65 % പിന്നിട്ടുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രണ്ടാം ഡോസ് എടുക്കാത്തവരെ നേരിട്ട് കാണുന്നുണ്ടെന്നും രണ്ടാം ഡോസ് എടുക്കാൻ വൈമുഖ്യം കാട്ടരുതെന്നും മന്ത്രി ഓർമിപ്പിച്ചു.

അധ്യാപകർ വാക്‌സിനെടുക്കേണ്ടതാണെന്നും ഇതിനായി പ്രത്യേക ക്രമീകരണം വേണമെങ്കിൽ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.