രാജ്യത്ത് ഏറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്: മുഖ്യമന്ത്രി

 

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം ഓണക്കാലത്തോടെ കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘കേരളത്തിൽ ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്‌സിൻ നൽകുന്നുണ്ട്. മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിൻ്റെ മൂന്നിരട്ടിയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതൽ വയോജനങ്ങൾ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാൻ സാധിച്ചത് പ്രതിരോധ സംവിധാനത്തിൻ്റെ ഗുണം കൊണ്ട് മാത്രമാണ്’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 31,265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,67,497 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. മുൻ ദിവസങ്ങളിൽ ഉണ്ടായ 153 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. 18.67 ശതമാനമാണ് ടിപിആർ. നിലവിൽ 2,04,796 രോഗികൾ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്. ഏറ്റവും കൂടുതൽ രോഗികൾ തൃശൂർ ജില്ലയിലാണ്.