തിരുവനന്തപുരം: ഭര്‍തൃ വീട്ടിലെ പീഡനങ്ങള്‍ സഹിക്കാനാകാതെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും നേരിടാന്‍ ശക്തിയില്ലെന്ന് ചിന്തിക്കുന്നവര്‍ പോലീസിന്റെയും നിയമവ്യവസ്ഥയുടെയും പിന്തുണയുണ്ടെന്ന കാര്യം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ‘ഏതു തരത്തിലുള്ള പീഡനം നേരിട്ടാലും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടക്കത്തില്‍ തന്നെ മുന്‍കൈ എടുക്കണം. ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരമെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അവയ്‌ക്കെതിരെ സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കുകയാണ് വേണ്ടതെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
ദാമ്പത്യജീവിതത്തിന്റെ പരാജയത്തോടെ ജീവിതം അര്‍ത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭര്‍ത്താവില്‍ നിന്നുമേല്‍ക്കുന്ന പീഡനങ്ങളേയും അടിച്ചമര്‍ത്തലുകളേയും അനീതികളേയും പ്രതിരോധിക്കുന്നതിനു പകരം അതിനു കീഴ്‌പെട്ട് ജീവിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നത് ‘സമൂഹം എന്തു വിചാരിക്കും’ എന്ന ഭയം കാരണമാണ്. സഹനത്തിന്റെ പരിധികള്‍ കടക്കുമ്പോള്‍ അത്തരം ബന്ധങ്ങളില്‍ നിന്നും പുറത്തുവരാനാകാതെ അവര്‍ക്ക് ജീവനൊടുക്കേണ്ടി വരുന്നതും മറ്റൊന്നും കൊണ്ടല്ല.
ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ശക്തരാണെന്നും അവരെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്കില്ലെന്നും പീഡനങ്ങള്‍ നിശബ്ദമായി സഹിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും കരുതി വരുന്നു. അത്തരത്തില്‍ ചിന്തിക്കുന്നവര്‍ ഈ വിഷയത്തില്‍ പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടേയും നിയമവ്യവസ്ഥയുടേയും പിന്തുണ സ്ത്രീകള്‍ക്കുണ്ടെന്ന് മനസ്സിലാക്കണം. അതോടൊപ്പം പൊതുസമൂഹത്തിന്റെ പിന്തുണ കൂടി അവര്‍ക്ക് ലഭ്യമാകണം.
ഗാര്‍ഹിക പീഡനം, പൊതുസ്ഥലങ്ങളില്‍ നേരിടുന്ന അപമര്യാദയോടു കൂടിയ പെരുമാറ്റം, സ്ത്രീധനം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, ആ പോരാട്ടത്തിനായി കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുമ്പോള്‍ മാത്രമേ അതിനെ കുറേക്കൂടി മെച്ചപ്പെടുത്താനും കുറ്റമറ്റതാക്കാനും നമുക്ക് കഴിയുകയുള്ളൂ. ഏതു തരത്തിലുള്ള പീഡനം നേരിട്ടാലും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടക്കത്തില്‍ തന്നെ മുന്‍കൈ എടുക്കണം. അതിന് സഹായകരമായ അന്തരീക്ഷം പോലീസ് ഔദ്യോഗിക സംവിധാനങ്ങളില്‍ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും.
ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവയ്‌ക്കെതിരെ സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കുകയാണ് വേണ്ടത്. അതിനാവശ്യമായ പിന്തുണ സ്ത്രീകള്‍ക്ക് നല്‍കാന്‍ സമൂഹം തയ്യാറാകണം. ഇത്തരം പ്രതിസന്ധികളെ മറികടന്നു കൊണ്ട് ജീവിതം തിരിച്ചു പിടിച്ച നിരവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. സ്വന്തം അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ച് പ്രചോദനവും കരുത്തും നല്‍കാന്‍ അവര്‍ക്കും സാധിക്കണം. യുവജന സംഘടനകളും സ്ത്രീ സംഘടനകളും സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യമാറ്റത്തിന് തിരി കൊളുത്തുകയും സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കുകയും വേണം. ഒരുമിച്ച് നിന്നുകൊണ്ട് ലിംഗനീതിയില്‍ അധിഷ്ഠിതമായ കേരള സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കാം.