രാജിസന്നദ്ധത അറിയിച്ചതാണ്: ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി

ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രസിഡന്റ് കസേരയിൽ നിന്നിറങ്ങാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് യോഗത്തിൽ പങ്കെടുക്കാത്തത്. കെപിസിസി പ്രസിഡന്റ് എന്ന നിലയിലായിരുന്നു രാമചന്ദ്രൻ യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. രാജിസന്നദ്ധത അറിയിച്ചതിനാൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്

യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയെയും രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ രാമചന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. എന്നിട്ടും രാജിവെക്കില്ലെന്ന നിലപാടിലായിരുന്നു രാമചന്ദ്രൻ. ഒടുവിൽ വിമർശനങ്ങൾ ശക്തമായതോടെയാണ് വേണമെങ്കിൽ രാജിവെക്കാമെന്ന നിലപാടിലേക്ക് രാമചന്ദ്രൻ എത്തിയത്.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് ചെന്നിത്തല മാറി വി ഡി സതീശൻ വന്നതോടെയാണ് രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായത്. കെ സുധാകരൻ, പി ടി തോമസ് എന്നിവരുടെ പേരുകളാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്.