മലപ്പുറം: മലപ്പുറം ജില്ലയിൽ കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്ലാന്റുകൾ സ്ഥാപിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ഓക്സിജൻ പ്ലാന്റുകൾ വേണമെന്ന് വയനാട് എംപി രാഹുൽ ഗാന്ധിയുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം പ്ലാന്റുകൾക്ക് അനുമതി നൽകിയത്. നിലവിൽ മറ്റ് നാലിടങ്ങളിലെയും ഓക്സിജൻ പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതോടെ മലപ്പുറം ജില്ലയിലെ ഓക്സിജൻ പ്ലാന്റുകളുടെ എണ്ണം ആറാകും.
മിനിറ്റിൽ 10000 ലിറ്റർ ഓക്സിജൻ ഉത്പാദിപിക്കാൻ കഴിയുന്ന പ്ലാന്റുകളാണ് നിർമ്മിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ എൻഎച്ച്ആർഐയ്ക്കാണ് പ്ലാന്റിന്റെ നിർമ്മാണ ചുമതല. മെൻസ് ഹോസ്റ്റലിന് സമീപം 1500 ചതുരശ്ര അടിയിൽ അഞ്ച് മീറ്റർ ഉയരത്തിലാണ് നിർമ്മാണം. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും നാഷണൽ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ ആണ് പ്ലാന്റ് നിർമിക്കുന്നത്