സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രം നീക്കം തടയാനാണ് ലോകായുക്ത ഭേദഗതി: കോടിയേരി

 

സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കുന്നതിനായാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്. ലോകായുക്തയുടെ നിലവിലെ വ്യവസ്ഥ കേന്ദ്രഭരണ കക്ഷിയുടെ ഇടംകോലിടൽ രാഷ്ട്രീയത്തിന് വാതിൽ തുറന്നു കൊടുക്കുന്നതാണെന്നും കോടിയേരി പറയുന്നു

ലോകായുക്ത നിയമം നായനാർ സർക്കാർ കൊണ്ടുവന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്ത്. നിയമത്തെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എൽ ഡി എഫ് സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നത്.

നിയമസഭ സമ്മേളിക്കാത്ത അവസരത്തിൽ മന്ത്രിസഭക്ക് ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക സമർപ്പിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയിൽ വരുമ്പോൾ പ്രതിപക്ഷത്തിന് അഭിപ്രായം പറയാം. അഭിപ്രായങ്ങൾ സർക്കാർ ഗൗരവത്തോടെ കേൾക്കുമെന്നും കോടിയേരി പറയുന്നു.