നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും, ലംഘനമുണ്ടായാൽ പോലീസ് ഇടപെടും; പരിശോധനാ ഫലം വേഗത്തിൽ നൽകും

സംസ്ഥാനത്ത് രോഗബാധ ഇനിയും കൂടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലസ്റ്ററുകളും വർധിക്കുകയാണ്. വിവിധ തലങ്ങളിൽ ചർച്ച നടത്തി. രാഷ്ട്രീയ പാർട്ടികൾ, ആരോഗ്യ പ്രവർത്തകർ, പത്രപ്രവർത്തകർ എന്നിവരുമായെല്ലാം പ്രത്യേക ചർച്ച നടത്തി. നിയന്ത്രണം ശക്തമാക്കണമെന്നാണ് പൊതുവെ അഭിപ്രായം ഉയർന്നത്.

പരിശോധനാ ഫലം വേഗം നൽകണമെന്ന് നിർദേശിച്ചു. മരിച്ചവരുടെ ഫലം ഒട്ടും വൈകരുത്. ക്ലസ്റ്ററുകൾ കൂടുതൽ പഠിക്കും. കൊവിഡ് പ്രതിരോധം വരുന്ന ഏതാനും നാളുകൾ കൊണ്ട് അവസാനിക്കില്ല. തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണ്. അതിനാൽ ലോക്ക് ഡൗൺ തുടരുകയാണ്

നിയന്ത്രണ ലംഘനമുണ്ടായാൽ പോലീസ് ഇടെപടും. കർശന നടപടിയുണ്ടാകും. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകും. രോഗബാധ ഇനിയും ഉയരും. അതിനെ നേരിടാനുള്ള നടപടികളാണ് ചെയ്യുന്നത്. ആരോഗ്യ സർവകലാശാലയിലെ കോഴ്‌സുകൾ പഠിച്ചിറങ്ങിയവരെ സിഎഫ്എൽടിസികളിൽ നിയോഗിക്കാം. ഇവർക്ക് താമസം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളൊരുക്കും. ആരോഗ്യ വകുപ്പ് സർവകലാശാലയുമായി ചേർന്ന് ഇതിനുള്ള വിശദാംശങ്ങൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ഇപ്പോൾ 101 സിഎഫ്എൽടിസി ഉണ്ട്. 45 ശതമാനം കിടക്കകളിൽ ആളുണ്ട്. രണ്ടാം ഘട്ടത്തിൽ 229 സിഎഫ്എൽടിസികളാണ് കൂട്ടിച്ചേർക്കുക. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സഹ ടീം ലീഡറും ഒരു നഴ്‌സും രണ്ട് ലാബ് ടെക്‌നീഷ്യൻസും രണ്ട് ഫാർമിസ്റ്റുകളുമടങ്ങുന്നതാണ് പ്രാഥമിക തലത്തിലെ സിഎഫ്എൽടിസി.