പാർട്ടിയുടെ മറവിൽ അര്‍ജുൻ ആയങ്കി നടത്തിയത് ക്വട്ടേഷന്‍ പ്രവര്‍ത്തനം; ജോലിയില്ലെങ്കിലും ആഢംബര ജീവിതം

കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പാർട്ടി ചുമതലകൾ വഹിക്കുന്നില്ലെങ്കിലും സി.പി.എമ്മിനെ മറയാക്കിയാണ് അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഡി.വൈ.എഫ്.ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുനെ സ്ഥാനത്തുനിന്നു നീക്കിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുകയും സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരകനാകുകയുമായിരുന്നു.

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളാൽ മൂന്നു വര്‍ഷം മുൻപാണ് ഡി.വൈ.എഫ്.ഐ യുടെ ഭാരവാഹിത്വത്തില്‍നിന്ന് അര്‍ജുന്‍ ആയങ്കിയെ നീക്കുന്നത്.പാർട്ടി നേതാക്കളുമായുള്ള ബന്ധവും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നതും മറ്റു ക്വട്ടേഷന്‍ സംഘങ്ങള്‍ അര്‍ജുനെ ഭയക്കുന്നതിന് കാരണമായി. പ്ലസ് ടു വരെ മാത്രം പഠിച്ചിട്ടുള്ള അർജുന്റെത് ആഢംബര ജീവിതമായിരുന്നു. എന്നാൽ, അര്‍ജുന്റെ ജോലി സംബന്ധിച്ച് ആർക്കും അറിവില്ല.