ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന് ചിന്തിക്കണം; ഫയൽ നീക്കം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ഫയൽ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടിമാരോട് ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. ഫയൽ എത്രദിവസം ഉദ്യോഗസ്ഥർക്ക് വെക്കാമെന്ന പരിധി വെക്കും. ഫയൽ വിവരങ്ങൾ ചോർത്തുന്നത് സംഭവിക്കാൻ പാടില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നു. ഇതൊഴിവാക്കണമെന്ന് സെക്രട്ടറിമാരുടെ യോഗത്തിൽ നിർദേശിച്ചു. ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന് ചിന്തിക്കണം. ഫയൽ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയിൽ പോരാ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തിൽ ആലോചന വേണം. സത്യസന്ധമായ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് പൂർണപിന്തുണയുണ്ട്. എന്നാൽ അഴിമതി കാണിച്ചാൽ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ട

പി എസ് സി റാങ്ക് ലിസ്റ്റിൽ പരമാവധി നിയമനം നടത്താവുന്ന രീതിയിൽ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥർ അർഹത നേടാത്ത സാഹചര്യത്തിൽ ഹയർ കേഡർ ഒഴിവുകൾ ഡീഗ്രേഡ് ചെയ്ത് റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിലെ പുരോഗതി പരിശോധിക്കും. വിരമിക്കൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്‌തോ എന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.