മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ രോഗവ്യാപന കേന്ദ്രങ്ങളായി; വിമർശനം ദിവസം തുടരുമെന്ന് വി മുരളീധരൻ

 

കൊവിഡ് വ്യാപനത്തിൽ നട്ടം തിരിയുമ്പോഴും സംസ്ഥാനത്തിനെതിരെ വിമർശനം തുടരുമെന്ന നിലപാട് തുറന്ന് പറഞ്ഞ് ബിജെപിയുടെ നേതാവും കേന്ദ്രത്തിലെ സഹമന്ത്രിയുമായ വി മുരളീധരൻ. മെഗാ വാക്‌സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്നാണ് സഹമന്ത്രിയുടെ ഇന്നത്തെ കുറ്റപ്പെടുത്തൽ

സൗജന്യമായി കിട്ടിയ വാക്‌സിൻ വിതരണം ചെയ്തിട്ട് പോരെ വാക്‌സിൻ നയത്തിനെതിരെ സമരം ചെയ്യാനെന്നും മുരളീധരൻ ചോദിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനിലാണ്. കൊവിൻ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവർത്തനരഹിതമാക്കിയോ, സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടേതാണെന്നും മുരളീധരൻ ചോദിച്ചു. അതേസമയം 18ന് വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്‌സിൻ വിതരണം സ്വകാര്യ കേന്ദ്രങ്ങളിലേക്ക് പതിച്ചുനൽകിയ മോദി സർക്കാരിന്റെ നിലപാടിനെ കുറിച്ച് സഹമന്ത്രി പരാമർശിച്ചില്ല

കേരളത്തിലെ ആശുപത്രികളിൽ സൗകര്യങ്ങൾ കുറവാണ്. അടിയന്തരമായി കൂട്ടിയില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി വരും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ഓക്‌സിജൻ പ്ലാന്റ് സജ്ജമാക്കാത്തത് എന്തുകൊണ്ടാണ്. കേരള സർക്കാരല്ല തനിക്ക് ശമ്പളം തരുന്നത്. അതുകൊണ്ട് വിമർശനം തുടരുമെന്നും സഹമന്ത്രി പറഞ്ഞു