കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂഴ്ത്തിവെച്ച അരി സമയത്ത് കൊടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണ്. മൂന്നാഴ്ചയായി റേഷൻ കടയിൽ അരി പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയാണ്
പൂഴ്ത്തിവെച്ച അരി തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചതും ജനങ്ങളുടെ അന്നം മുടക്കിയതും മുഖ്യമന്ത്രിയാണ്. കേരളത്തിലാദ്യമായി ഓണക്കിറ്റ് നൽകിയത് കോൺഗ്രസാണ്. ഇപ്പോൾ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണം ചെയ്യുന്നത്. വിഷുവിന്റെ കിറ്റ് ഏപ്രിൽ ആറിന് ശേഷം കൊടുത്താൽ പോരെയെന്നും ചെന്നിത്തല പറഞ്ഞു.
അമ്മയുടേത് ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരുടെയും വോട്ടും ചെന്നിത്തലയിൽ നിന്ന് ഹരിപാട്ടേക്ക് മാറ്റിയപ്പോൾ ആദ്യത്തെ സ്ഥലത്ത് നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടേതും മക്കളുടെയും മരുമകളുടെയും ഉൾപ്പെടെയുള്ള വോട്ടുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇത് മാത്രം എന്ത് സംഭവിച്ചുവെന്ന് അറിയില്ല
ഇതു കൊണ്ടൊന്നും കള്ള വോട്ടിനെതിരായ തന്റെ പോരാട്ടത്തെ തകർക്കാമെന്ന് കരുതേണ്ട. കേരളത്തിലെ നാലര ലക്ഷം കള്ളവോട്ടുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണ്. ബിജെപിയുടെ യഥാർഥ ഏജന്റ് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.