യുക്രൈനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഴക്കൻ യുക്രൈനിലെ കീവ്, ഖാർകീവ്, സുമി തുടങ്ങിയ നഗരങ്ങളിലെ ബങ്കറുകളിൽ അഭയം തേടിയവർക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കേണ്ടതുണ്ടെന്നും മുഖ്മയന്ത്രി പറഞ്ഞു
അതേസമയം രക്ഷാദൗത്യത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രി ഉറപ്പ് നൽകി. കൊടും തണുപ്പിൽ കിലോമീറ്ററുകളോളം നടന്ന് പോളണ്ട് അതിർത്തിയിൽ എത്തിയ വിദ്യാർഥികളെ അതിർത്തി കടക്കാൻ യുക്രൈൻ സൈനികർ അനുവദിക്കുന്നില്ലെന്നും വിദ്യാർഥികൾക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതി മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം പരിശോധിക്കുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു