ഡിസംബറിനെ കണ്ണീരിലാഴ്ത്തിയ സുനാമിയുടെ ഓർമ്മയ്ക്ക് ഇന്ന് 16 വയസ്

ക്രിസ്തുമസിന് പിറ്റേന്ന് ലോകത്തെ കണ്ണീർ കടലിലാഴ്ത്തിയ സുനാമി ദുരന്തത്തിന് ഇന്ന് 16 വയസ്. ആ ദുരിതത്തിന്റെ ശേഷിപ്പുകൾ ഏറ്റുവാങ്ങി അനേകർ ഇന്നും ജീവിക്കുന്നു. 2004 ഡിസംബർ 26നാണ് ആർത്തലച്ചെത്തിയ സുനാമി തിരകൾ കേരളതീരപ്രദേശത്തെ തകർത്തെറിഞ്ഞത്.

കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകൾ സുനാമിയുടെ ആഘാതത്തിൽ വിറച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ മയക്കം വിട്ടുമാറും മുൻപെയാണ് ലോകത്തെ നടുക്കി രാക്ഷസത്തിരമാലകൾ ആർത്തലച്ചെത്തിയത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂചലനത്തെത്തുടർന്നുണ്ടായ കടൽത്തിരകൾ രാവിലെ 10. 45 ഓടെ കേരളത്തിന്റെ തീരപ്രദേശങ്ങളിലെത്തുകയായിരുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ നാശമുണ്ടായത്. ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ട് കിലോമീറ്റർ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകൾ തകർന്നു. സംസ്ഥാനത്താകെ നൂറ്റമ്പതിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കന്നുകാലികളും വളർത്തുമൃഗങ്ങളുമുൾപ്പെടെ മറ്റ് നിരവധി ജീവനുകളും പൊലിഞ്ഞു.

കോടികളുടെ നാശനഷ്ടം വേറെയും. 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ആ ഭൂചലനം ചരിത്രത്തിലെ തന്നെ ഏറ്റവും ദീർഘമേറിയ ഭൂചലനമായിരുന്നു. ഇന്ത്യൻ സമുദ്രത്തിൽ നൂറടി വരെ ഉയരത്തിൽ പാഞ്ഞെത്തിയ തിരമാലകൾ പതിനഞ്ച് രാജ്യങ്ങളുടെ തീരങ്ങളെയാണ് കണ്ണീർ തിരയിൽ മുക്കിയത്.

അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം 23,000 അണുബോംബുകൾ പൊട്ടുമ്പോഴുണ്ടാകുന്ന ഊർജമാണ് ഭൂചലനത്തെ തുടർന്ന് പുറത്തേക്ക് വരുന്നത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഇന്ത്യയിൽ പതിനായിരത്തോളവും ലോകത്താകെ മൂന്ന് ലക്ഷത്തോളവും പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.