കോവിഡ് വ്യാപനം കുറഞ്ഞു; ആശ്വസിക്കാറായിട്ടില്ല: മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായതായാണ് വിലയിരുത്തിയത്. എന്നാല്‍ ആശ്വസിക്കാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐസിയു വെന്റിലേറ്ററുകളില്‍ ഇപ്പോഴും രോഗികളുണ്ട്. ആശുപത്രികളിലെ തിരക്ക് കുറയാന്‍ ഇനിയും കുറച്ചുനാളുകള്‍ കൂടി വേണ്ടിവരും. എന്നാല്‍, രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരുണ്ടാകുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ സാമഗ്രികള്‍ വില കൂട്ടി വില്‍ക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനം അടച്ചുപൂട്ടും. ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്‌സി മീറ്ററുകള്‍ വാങ്ങരുത്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പട്ടികയിലുള്ള സ്ഥാപനങ്ങളുടെ സാമഗ്രികള്‍ വാങ്ങാമെന്നും പള്‍സ് ഓക്‌സി മീറ്റര്‍ കമ്പനികളുടെ പട്ടിക സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.