റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. റിഹേഴ്‌സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു
മുൻസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലാണ് പതാക തല തിരിച്ചുയർത്തിയത്. പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. പതാക തല തിരിഞ്ഞത് മാധ്യമപ്രവർത്തകരാണ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു. സംഭവത്തിൽ കലക്ടറുടെ ചുമതലയുള്ള എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണ ചുമതല.