ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല; വി ഡി സതീശന് മറുപടിയുമായി മന്ത്രി പി രാജീവ്

 

ലോകായുക്ത ഓർഡിനൻസ് വിവാദത്തിൽ വി ഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവർണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടൻ ചേരാത്തതിനാലാണ് ഓർഡിനൻസായത്.

മന്ത്രിസഭ വ്യക്തമായി പരിശോധിച്ചെടുത്ത തീരുമാനമാണിത്. വി ഡി സതീശന്റെ നിലപാട് ഭരണഘടനാപരമല്ല. 14, 12 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഹൈക്കോടതി വിധികൾ വകുപ്പ് 12നെ മാത്രം പരാമർശിക്കുന്നതല്ല. പ്രതിപക്ഷ നേതാവ് മുഴുവൻ വിധി വായിച്ചിട്ടുണ്ടാകില്ല. ലോകായുക്ത എന്നത് ശുപാർശ അറിയിച്ച് റിപ്പോർട്ട് നൽകാനുള്ള അർധ ജുഡീഷ്യറി സംവിധാനമാണ്. അപ്പീൽ അധികാരമില്ലെന്നത് ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.