സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകർ ഡിസംബർ 17 മുതൽ സ്‌കൂളിലെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പ്രതിദിനം 50 ശതമാനം പേർ എന്ന രീതിയിൽ ഹാജരാകാനാണ് സർക്കുലറിൽ പറയുന്നത്
പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക എന്നിവയാണ് അധ്യാപകരുടെ ചുമതലകൾ. ജനുവരി 15ന് പത്താംതരം ക്ലാസുകളുടെയും ജനുവരി 30ന് പ്ലസ് ടു ക്ലാസുകളുടെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തികരിക്കാൻ ക്രമീകരണം ഉണ്ടാക്കും. തുടർന്ന് കുട്ടികൾക്ക് സ്‌കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ ക്ലാസുകൾ ആസ്പദമാക്കി റിവിഷനും നടത്തും
കൈറ്റും എസ് സി ഇ ആർ ടിയും നൽകുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്ന് മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റൽ ക്ലാസുകൾ സമയബന്ധിതമായി പൂർത്തികരിച്ച് പൊതുപരീക്ഷക്ക് തയ്യാറാകാൻ ക്രമീകരണം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ എന്നിവരുമായി മന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം