ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ഇടപെടല്‍ ചര്‍ച്ചയാകുന്നു. 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചു പണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തിങ്കളാഴ്ച തേനി ജില്ല കളക്ട്രേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു.
സുപ്രിംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടന്‍ പൃഥ്വിരാജ്, അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്.ആര്‍ ചക്രവര്‍ത്തി പറഞ്ഞു.
പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്‌നാടിന്റെ താല്‍പ്പര്യത്തിനെതിരാണെന്നും തമിഴ് സിനിമകളില്‍ മലയാളി നടീ-നടന്‍മാരെ നിരോധിക്കാന്‍ തമിഴ് സിനിമ പ്രൊഡ്യൂസഴേ്‌സ് അസോസിയേഷനോട് ആവശ്യപ്പെടുന്നതായും തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പ്രസ്താവിച്ചു.
ഫേസ്ബുക്കിലൂടെയാണ് മുല്ലപെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചത്. 120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും പൃഥ്വിരാജ് കുറിച്ചിരുന്നു. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് പ്രാര്‍ത്ഥിക്കാമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.