പന്ത്രണ്ട് വരെ ക്ലാസ്സുകൾക്ക് ഓൺലൈൻ ക്ലാസ്സ് നടത്തുവാനായി സർക്കാർ തീരുമാനിച്ചിരിക്കുന്നതിനാൽ പഠനാവശ്യത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുവാൻ രണ്ട് വർഷ കാലാവധിയുള്ള പലിശരഹിത വായ്പ സഹകരണ സംഘം/ബാങ്ക് വഴി നല്കുവാനായി സംസ്ഥാന സർക്കാർ തീരുമാനിക്കുകയും അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ജൂൺ 25 മുതൽ ജൂലൈ 31 വരെയാണ് വായ്പ നൽകുക. പരമാവധി പതിനായിരം രൂപ വരെയാണ് വായ്പ നൽകുക. സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നല്കേണ്ടതാണ്. ഫോൺ വാങ്ങിയതിന്റെ ബില്ല് ബാങ്കിൽ സമർപ്പിക്കണം. ഇരുപത്തിനാല് മാസഗഡുക്കളായി വായ്പത്തുക തിരിച്ചടക്കണം. ഈ കാലാവധിക്കുള്ളിൽ അടച്ചുതീർക്കാനായില്ലെങ്കിൽ തുടർന്നുള്ള തുകയ്ക്ക് പലിശ ഈടാക്കുന്നതാണ്.