കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ച തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഇവർ ഹർജി നൽകിയത്. കൂടാതെ തിരുവനന്തപുരം ജില്ലയിൽ തീയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും തീയറ്റർ ഉടമകൾ ഉന്നയിക്കുന്നു
മാളുകൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തീയറ്ററുകൾ അടച്ചിടാൻ നിർദേശിക്കുന്നത് വിവേചനപരമാണെന്ന് ഹർജിക്കാർ പറയുന്നു. 50 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഇന്നലെ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ഫിയോക് ഇതിനെതിരെ രംഗത്തുവന്നിരുന്നു.