സെഞ്ച്വറിയുമായി തക്കാളി, ഡബിൾ സെഞ്ച്വറിയടിച്ച് മുരിങ്ങക്കായ; പച്ചക്കറി വില കുതിച്ചുയരുന്നു

 

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയുടെ വില കിലോയ്ക്ക് നൂറ് രൂപ പിന്നിട്ടു. കേരളത്തിൽ പതിവായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ എൺപത് ശതമാനത്തോളം വസ്തുക്കൾക്കും വില കുതിച്ചുയർന്നു. മുരിങ്ങക്കായ കിലോയ്ക്ക് ഇരുന്നൂറ് രൂപയിലേക്കെത്തി.

മൂന്നാഴ്ചക്കിടെ അമ്പത് ശതമാനത്തോളം വിലവർധനവാണ് പല പച്ചക്കറിക്കും. മുളക്, വഴുതന, പടവലം, ഉരുളക്കിഴങ്ങ്, കാബേജ്, വെള്ളരിക്ക, ബീൻസ് എന്നിവക്കെല്ലാം ഇരുപതിലധികം രൂപയുടെ വർധനവുണ്ടായി. ചില്ലറ വിപണിയിൽ തക്കാളിക്ക് 100 മുതൽ 120 രൂപ വരെയായി.

അതേസമയം സവോളക്ക് വില അധികമുയരാത്തത് ആശ്വാസകരമാണ്. കനത്ത മഴയെ തുടർന്നുണ്ടായ കൃഷിനാശവും ആന്ധ്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി എത്താത്തതുമാണ് വിലവർധനവിന് കാരണം.