അതേ, നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്‌നം; പൊലീസില്‍ നിന്ന് തനിക്കും മാതാവിനുമുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്

 

തനിക്കും മാതാവിനും കേരളാ പൊലീസിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതിയ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു. ഇന്ന് രാവിലെ കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോകുന്നതിനിടെ തനിക്കും മാതാവിനും പോലീസിൽ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്സല്‍ എന്ന യുവാവ് പങ്കുവച്ചത്. പല വാഹനങ്ങളും പോകാന്‍ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തിയെന്നും, പര്‍ദ്ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്നം എന്ന് പറഞ്ഞെന്നും അഫ്സല്‍‌ പറയുന്നു. ‘അങ്ങനെ കേരള പൊലീസിലെ സംഘിയെ ഞാനും കണ്ടെത്തി’ യെന്ന തലവാചകത്തിന് താഴെയാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.

സഹോദരിയെ വിളിക്കാനായി ഉമ്മയോടൊപ്പം ആലപ്പുഴയിലേക്ക് പോകുന്നതിനിടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെ ഐ.എസ്.എച്ച്.ഒ വിനോദിൽ നിന്നാണ് യുവാവിനും മാതാവിനും ദുരനുഭവമുണ്ടായത്. വാഹനം തടഞ്ഞു നിർത്തിയതിന് ശേഷം തങ്ങളോട് വീട്ടിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. രേഖകളും സത്യവാങ്മൂലവും കാണിച്ചിട്ടും മറ്റു പല വാഹനങ്ങൾ കടത്തിവിട്ടിട്ടും തങ്ങളോട് മാത്രം തിരിച്ചു പോകാൻ പൊലീസ് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു എന്ന് അഫ്‌സൽ പറയുന്നു. ഏഴോളം ചെക്കിങും 70 കിലോമീറ്റർ ദൂരവും പിന്നിട്ടാണ് തങ്ങൾ ഇവിടെ വരെയെത്തിയിത് എന്ന് അറിയിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥൻ പോകാൻ അനുവദിച്ചില്ല.

ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നും താൻ ഇട്ടിരിക്കുന്ന പർദ്ദ ആണോ താങ്കളുടെ പ്രശ്‌നം എന്നും മാതാവ് ചോദിച്ചപ്പോൾ അതേ നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്‌നം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി അഫ്സല്‍ പറയുന്നു. ശേഷം ഉദ്യോഗസ്ഥൻ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കോടതി കയറ്റുമെന്ന് പറഞ്ഞതായും അഫ്സല്‍ കൂട്ടിച്ചേര്‍ത്തു. പലരെയും ബന്ധപ്പെട്ടെങ്കിലും കെപിസിസി പ്രസിഡണ്ട് കെ.സുധാകരനെ വിളിച്ചറിയിച്ചപ്പോളാണ് തങ്ങളെ പോകാൻ അനുവദിച്ചതെന്ന് യുവാവ് പറയുന്നു.