മുദ്രവാക്യം വിളിച്ചാലും നിരോധിത പുസ്തകങ്ങൾ സൂക്ഷിച്ചാലും യുഎപിഎ ചുമത്തുമോ: സുപ്രീം കോടതി

 

പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎയോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. നിരോധിത പുസ്തകം കൈവശം വെക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താൽ എങ്ങനെയാണ് യുഎപിഎ വകുപ്പിൽ കേസെടുക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. അലൻ ഷുഹൈബിന് വിചാരണ കോടതി നൽകിയ ജാമ്യ ഉത്തരവ് സ്ഥിരീകരിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് എൻഐഎ സുപ്രീം കോടതിയെ സമീപിച്ചത്

ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കേസിലെ മറ്റൊരു പ്രതി താഹ ഫസൽ സമർപ്പിച്ച ഹർജിയും സുപ്രീം കോടതിയുടെ മുന്നിലുണ്ട്. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായുള്ള ബന്ധം ആരോപിച്ചാണ് അലനെയും താഹയെയും യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്തത്

ഒരു വ്യക്തിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ അടിസ്ഥാനത്തിൽ മാത്രം ഭീകര സംഘടനയിലെ അംഗമാണെന്ന് അനുമാനിക്കാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. പ്രതികൾ കുറ്റകരമായ പ്രവർത്തികൾ നടത്തിയെന്ന് തെളിയിക്കുന്നതിനാവശ്യമായ വസ്തുക്കൾ എവിടെയാണെന്നും കോടതി ചോദിച്ചു