അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്:നിരക്ക് കൂട്ടേണ്ടിവരും

 

തിരുവനന്തപുരം:വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാതെ കേന്ദ്രം നിർദേശിച്ച അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്. എന്നാൽ, വൈദ്യുതിനിരക്ക് കൂട്ടേണ്ടിവരും. സർക്കാരിന്റെ കുടിശ്ശിക നൽകണമെന്നും ബോർഡ് സർക്കാരിനെ അറിയിച്ചു.

വൈദ്യുതിമേഖലയിൽ കേന്ദ്രം നിർദേശിക്കുന്ന പരിഷ്കാരങ്ങൾ ഉറപ്പുവരുത്തിയാൽ സംസ്ഥാനങ്ങൾക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനം കൂടുതൽ കടമെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ബോർഡിന്റെ നഷ്ടം നാലുവർഷംകൊണ്ട് പൂർണമായും സർക്കാർ ഏറ്റെടുക്കണം. ഈ പദ്ധതിയിൽ ചേരാനുള്ള അർഹതാ മാനദണ്ഡങ്ങളിൽ വൈദ്യുതി വിതരണത്തിന്റെ സ്വകാര്യവ്തകരണവും നിർദേശിച്ചിരുന്നു. നാലുവർഷത്തേക്കാണ് ഇങ്ങനെ അധികവായ്പ അനുവദിക്കുന്നത്. കേരളത്തിന് ഒരുവർഷം 4800 കോടിരൂപ അധികം ലഭിക്കും. പദ്ധതിയിൽ ചേരുന്നതിന് ബോർഡിന്റെ നഷ്ടം ഏറ്റെടുക്കുമെന്ന ധാരണപത്രത്തിൽ സംസ്ഥാനസർക്കാർ ഒപ്പിടണം.

ഇതിനുള്ള സാധ്യത പരിശോധിക്കാൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്ങും ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയും ചർച്ചനടത്തിയിരുന്നു. സ്വകാര്യവത്കരിക്കാതെയും സ്മാർട്ട് മീറ്ററിലേക്ക് മാറാതെയും പദ്ധതിയിൽ അർഹതനേടുന്നതിനുള്ള പ്രവർത്തനമികവ് ബോർഡിനുണ്ടെന്ന് ചെയർമാൻ അറിയിച്ചു.

ഈവർഷം ബോർഡിന് 1750 കോടി രൂപ നഷ്ടമുണ്ട്. ശമ്പളപരിഷ്കരണവും അതിനനുസരിച്ച് പെൻഷൻ ഫണ്ടിൽ തുക വകയിരുത്തേണ്ടതുമാണ് ഇതിനു കാരണം. എന്നാൽ, വൈദ്യുതിനിരക്കിലൂടെ നികത്തേണ്ട 6800 കോടിരൂപയുടെ വരുമാനക്കമ്മി ബോർഡിനുണ്ടെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് കടുത്ത ആഘാതമുണ്ടാകാതെ ഇത് പിരിച്ചെടുക്കാൻ അനുവദിക്കണം. സർക്കാർ സ്ഥാപനങ്ങളും ജല അതോറിറ്റിയും നൽകേണ്ട പണവും മുടക്കമില്ലാതെ നൽകണം.ഇതേപ്പറ്റി നയപരമായ തീരുമാനം മന്ത്രിസഭയെടുക്കും. തീരുമാനമറിയിക്കാൻ ഡിസംബർവരെ സമയമുണ്ട്.