തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി കേരളം സാക്ഷിയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ മക്കളെ കെ.സുധാകരന്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു എന്ന ഗുരുതര ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഇതിന് കെ.സുധാകരന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.
സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഒരാള്‍ പദ്ധതിയിട്ടു എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ഈ വിവരം പോലീസില്‍ അറിയിച്ചില്ലെന്ന് കെ.സുധാകരന്‍ ചോദിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യം മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ചു. എന്നാല്‍, നിങ്ങള്‍ എന്താണ് ആ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന മറുചോദ്യമാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചത്. പറഞ്ഞ കാര്യങ്ങള്‍ സുധാകരന്‍ നിഷേധിച്ചതിനാല്‍ ഇക്കാര്യത്തില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.സുധാകരന്റെ ആരോപണങ്ങള്‍ക്ക് ഇനി പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാല്‍, കെ.സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഇനിയും വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നാണ് സുധാകരന്റെ നിലപാട്. മരംമുറി കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി അനാവശ്യ വിവാദമുണ്ടാക്കുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.