ദുരിതാശ്വാസ ക്യാമ്പുകളിൽ വാക്‌സിനേഷന് പ്രത്യേക പദ്ധതി; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് കോവിഡ് 19 വാക്‌സിനേഷൻ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടർന്ന് പലർക്കും ക്യാമ്പുകളിൽ കഴിയേണ്ട അവസ്ഥയുണ്ടായി.

വാക്‌സിനെടുത്തവർക്ക് കോവിഡ് ബാധയിൽ നിന്നും വലിയ സംരക്ഷണമാണ് നൽകുന്നത്. ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ക്യാമ്പുകളിലെ കോവിഡ് പ്രതിരോധം വളരെ വലുതാണ്. അതിനാൽ തന്നെ ക്യാമ്പുകളിൽ കഴിയുന്ന ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കിൽ അവർക്ക് വാക്‌സിനേഷൻ ഉറപ്പാക്കുന്നതാണ്. വാക്‌സിൻ എടുക്കുന്നത് സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും പ്രധാനമാണ്. ക്യാമ്പുകളിലെ എല്ലാവർക്കും വാക്‌സിനേഷൻ ഉറപ്പാക്കാൻ ജില്ലകളിൽ ക്രമീകരണം ഏർപ്പെടുത്തി വരുന്നുണ്ട്.

ക്യാമ്പുകളിൽ കഴിയുന്നവരിൽ ആദ്യ ഡോസ് വാക്‌സിൻ എടുക്കാനുള്ളവരുടേയും രണ്ടാം ഡോസ് എടുക്കാൻ കാലാവധിയെത്തിവരുടേയും വിവരങ്ങൾ ശേഖരിച്ചാണ് വാക്‌സിനേഷൻ നടത്തുന്നത്. സ്ഥല സൗകര്യമുള്ള ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി വാക്‌സിൻ നൽകുന്നതാണ്. അല്ലാത്തവർക്ക് തൊട്ടടുത്തുള്ള സർക്കാരാശുപത്രിയിൽ വാക്‌സിനേഷൻ എടുക്കാനുള്ള സൗകര്യമൊരുക്കുന്നതാണ്. മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളുടേയും സേവനം ഉറപ്പാക്കുന്നതാണ്. ക്യാമ്പുകളിൽ കഴിയുന്നവരിൽ ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കിൽ അവിടെയുള്ള ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്.

ആദ്യ ഡോസ് വാക്‌സിൻ എടുക്കാനുള്ളവർ എത്രയും വേഗം വാക്‌സിൻ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്‌സിൻ 84 ദിവസം കഴിഞ്ഞും കോവാക്‌സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. എന്നാൽ ചിലയാളുകൾ 84 ദിവസം കഴിഞ്ഞും വാക്‌സിനേഷൻ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്‌സിനും കൃത്യമായ ഇടവേളകളിൽ സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്‌സിൻ കൃത്യസമയത്ത് തന്നെ സ്വീകരിക്കേണ്ടതാണ്.