തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചലാന്‍ സംവിധാനം നിലവില്‍ വന്നു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ നാല് നഗരങ്ങളിലാണ് ഇത് തുടങ്ങുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിച്ചു. വാഹന പരിശോധന, പിഴ അടയ്ക്കല്‍ എല്ലാം ഏറെ സുഗമവും സുതാര്യവുമാക്കുന്ന സംവിധാനമാണ് ഇത്.
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്റെ നമ്പരോ ഡ്രൈവിങ് ലൈസന്‍സ് നമ്പരോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ കഴിയും. ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഇതില്‍ പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല. സുതാര്യത ഉറപ്പാക്കാനാകും.
അടുത്ത ഘട്ടത്തില്‍ ഇ-ചലാന്‍ സംവിധാനം സംസ്ഥാനമാകെ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.