ആലുവ: ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് നാണയം വിഴുങ്ങി മരിച്ച സംഭവത്തില്‍ രാസപരിശോധനാ ഫലം പുറത്ത്. മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്നും ശ്വാസതടസമാണ് കാരണമെന്നും ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. കുട്ടിക്ക് മുമ്പും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്.
നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.