കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 48 ആയി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. കാസർകോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ(48), കോഴിക്കോട് കല്ലായി സ്വദേശി കോയ(56) എന്നിവരാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം കുലശേഖരപുരം സ്വദേശി റെയ്ഹാനത്തിനും(55) കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ കുഴഞ്ഞുവീണു മരിച്ച ഇവരുടെ സ്രവം മരണശേഷമാണ് പരിശോധിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 48 ആയി

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൈറുന്നീസ മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. രോഗ ഉറവിടം വ്യക്തമല്ല

പനി ലക്ഷണങ്ങളെ തുടർന്ന് കോയയെ 20ാം തീയതിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹവും ഹൃദ്രോഗവും ഇയാൾക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടവും വ്യക്തമല്ല. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.