ഫേസ്ബുക്കില്‍ പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ്: കേരള പൊലീസിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പരിചയമില്ലാത്ത പേരുകളില്‍ നിന്ന് ഫ്രണ്ട് റിക്ക്വസ്റ്റ് വരുമ്പോള്‍ സ്വീകരിക്കുന്നത് വളരെ ആലോചിച്ചുവേണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. ഇത്തരം ഫ്രണ്ട് റിക്ക്വസ്റ്റ് സ്വീകരിക്കുന്നവരെ ഹണിട്രാപ്പില്‍പ്പെടുത്തി ബുദ്ധിമുട്ടിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം അടുത്തിടെയായി വര്‍ദ്ധിച്ചുവരുകയാണെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

പരിചയമില്ലാത്തവരുടെ പേരില്‍ വരുന്ന ഫ്രണ്ട് റിക്ക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഇത്തരം ഫ്രണ്ട് റിക്ക്വസ്റ്റുകള്‍ നിങ്ങള്‍ സ്വീകരിക്കുന്നതിലൂടെ അവര്‍ നിങ്ങളോട് മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുവാന്‍ ശ്രമിക്കും. വളരെ മാന്യമായ സംഭാഷണത്തിലൂടെ നിങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയും തുടര്‍ന്ന് വാട്സ് ആപ്പ് നമ്പര്‍ കരസ്ഥമാക്കുകയും ചെയ്യും. പിന്നീട് ചാറ്റിംഗ് വാട്സ് ആപ്പിലൂടെയാകും. തുടര്‍ന്ന് വീഡിയോ കോള്‍വഴി അവരുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്നവീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. നിങ്ങളുടെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

വീഡിയോ കോളിലൂടെ നിങ്ങള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ അത് അവര്‍ റിക്കോര്‍ഡ് ചെയ്യുകയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്യും. ഇത്തരം വീഡിയോകള്‍ യൂട്യൂബില്‍അപ്ലോഡ് ചെയ്ത് മാനഹാനി ഉണ്ടാക്കാനും ഇവര്‍ ശ്രമിക്കാറുണ്ട്.

ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നില്‍. മാനഹാനിയും ഭീഷണിയും ഭയന്ന് പരാതി നല്‍കാന്‍ സാധാരണക്കാര്‍ മടിക്കുന്നതുമൂലം ഇത്തരം സംഘങ്ങള്‍ സ്വതന്ത്രമായി വിലസുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ഒന്നുംതന്നെ പങ്കുവയ്ക്കാതിരിക്കുന്നത് ചതിയില്‍പ്പെടാതിരിക്കാന്‍ ഏറെ സഹായിക്കും.