തൃശൂർ: കുതിരാന്‍ തുരങ്കത്തില്‍ അപകടകരമായ രീതിയില്‍ ഓടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കിയ ലോറി പിടികൂടി. പീച്ചി ഇരുമ്പ് പാലം സ്വദേശിയുടേതാണ് ലോറി. ദേശീയ പാത നിര്‍മാണത്തിന് കരാറുള്ളതാണ് ലോറി.
ഇന്നലെ രാത്രിയിലാണ് കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത് ടോറസ് ലോറി കടന്നു പോയത്. പിറകിലെ ബക്കറ്റ് ഉയര്‍ത്തി ടോറസ് ലോറി ഓടിച്ച് തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു.
90 മീറ്റര്‍ ദൂരത്തിലെ 104 ലൈറ്റുകളും പാനലുകള്‍, പത്ത് സുരക്ഷാ കാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിക്കായി തുരങ്കത്തിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളുമായാണ് പീച്ചി പോലീസ് അന്വേഷണം നടത്തിയത്.
പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ചാണ് തുരങ്കത്തിലൂടെ കടന്നുപോയത്. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തുരങ്കത്തിലെ ലൈറ്റുകള്‍ മനഃപൂര്‍വം തകര്‍ത്തതാണോ എന്നത് വ്യക്തമല്ല.
സിസിടിവിയില്‍ നിന്ന് ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു. ലൈറ്റുകള്‍ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല.
ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വച്ച് അധികൃതര്‍ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.