സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് സമ്പൂർണ കൊവിഡ് വാക്‌സിനേഷൻ 75 ശതമാനമായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേർക്ക് (2,60,09,703) ആദ്യ ഡോസ് വാക്സിനും 75 ശതമാനം പേർക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 58.98 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലികകുകയും ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും വേണം. ഇതോടൊപ്പം പ്രധാനമാണ് വാക്സിനേഷൻ. ഒമിക്രോൺ സാഹചര്യത്തിൽ പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞങ്ങൾ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയിൽ 98 ശതമാനം പേരും കോട്ടയം, കോഴിക്കോട് ജില്ലകളിൽ 97 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 85 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയ വയനാട് ജില്ലയാണ് സമ്പൂർണ വാക്സിനേഷനിൽ മുന്നിലുള്ളത്.