പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഫോൺ സംവിധാനം കാര്യക്ഷമമാക്കാൻ ഉത്തരവ്

 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി വകുപ്പ്. സ്ഥാപനങ്ങളിലേക്ക് കാര്യങ്ങൾ അറിയുന്നതിന് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ലെന്ന പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം പരിശോധന നടത്തി. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം. പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുണ്ടെങ്കിൽ ശരിയാക്കാൻ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു

ഓഫീസിലേക്ക് വരുന്ന കോളുകൾ എടുക്കാൻ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓഫീസ് ജീവനക്കാർക്ക് ഓഫീസ് മേധാവി ഉത്തരവ് വഴി ചുമതല നൽകണം. ടെലഫോൺ വഴി ലഭിക്കുന്ന പരാതി കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം. തുടർ നടപടി രണ്ടാഴ്ചയിലൊരിക്കൽ ഓഫീസ് മേധാവി വിലയിരുത്തണം. ഓഫീസ് പരിശോധനാ വേളയിൽ ബന്ധപ്പെട്ട അധികാരികൾ രജിസ്റ്റർ നിർബന്ധമായും പരിശോധിക്കണം

കത്തിടപാടുകളിൽ കാര്യാലയത്തിന്റെ ഫോൺ നമ്പർ, ഔദ്യോഗിക ഇ മെയിൽ ഐഡി എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. വരുന്ന ഫോൺ കോളുകൾക്ക് സൗമ്യമായും കൃത്യമായും മറുപടി നൽകണം. ഇക്കാര്യങ്ങൾ ശരിയായി നടക്കുന്നുണ്ടെന്ന് അതാത് സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ വിലയിരുത്തണം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമവും സുതാര്യവുമാക്കാൻ നടപടികൾ സഹായിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.