ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾക്ക് എംജി സർവകലാശാല ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്. ബിഎ ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിലാണ് ബീഹാറിൽ നിന്നുള്ള പായൽകുമാരിക്ക് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
ബീഹാർ ഷെയ്ക്ക്പുര ഗോസായ്മതി ഗ്രാമവാസിയും ഏറെക്കാലമായി കൊച്ചിയിൽ താമസിക്കുകയും ചെയ്യുന്ന പ്രമോദ്കുമാറിന്റെ മകളാണ് പായൽ. എറണാകുളത്ത് വീട്ടുജോലിക്കാരനാണ് പ്രമോദ് കുമാർ.
പെരുമ്പാവൂർ മാർത്തോമ വനിതാ കോളജിലാണ് പായൽ പഠിക്കുന്നത്. 85 ശതമാനം മാർക്ക് നേടിയാണ് പായൽ ബിരുദപഠനത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പത്താം ക്ലാസിൽ 85 ശതമാനം മാർക്കും ഹയർ സെക്കൻഡറിയിൽ 95 ശതമാനം മാർക്കും നേടിയാണ് പായൽ വിജയിച്ചത്. ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് പായൽ പ്ലസ് ടു പാസായത്.
പായലിനെ സിവിൽ സർവീസ് ഉദ്യോഗസ്ഥയാക്കണമെന്നതാണ് പ്രമോദിന്റെയും ഭാര്യ ബിന്ദു ദേവിയുടെയും ആഗ്രഹം. കേരളത്തിൽ വർഷങ്ങളായി താമസിക്കുന്നതിനാൽ പായൽ നന്നായി മലയാളം സംസാരിക്കും. കേരളമിപ്പോൾ സ്വന്തം നാട് പോലെയാണെന്നും വിദ്യാർഥിനി പറയുന്നു.